പഴയ ഹോസ്റ്റൽ മുറിയിലെ നിഴലുകൾക്കിടയിൽ നിന്ന് മുബാറക്കിന്റെ മുഖം അൻവറിന്റെ ഓർമ്മകളിലേക്ക് ഇടയ്ക്കിടെ കടന്നുവരാറുണ്ടായിരുന്നു. വെറുമൊരു റൂംമേറ്റ് എന്നതിലുപരി, കോളേജ് ജീവിതത്തിൽ അവന്റെ നിഴലായിരുന്നു മുബാറക്. അഞ്ചാറു വർഷം മുൻപ് വരെ ഇടയ്ക്കിടെ ഫോണിലൂടെയെങ്കിലും അവർ സംസാരിച്ചിരുന്നു. എന്നാൽ, എപ്പോഴോ സംഭവിച്ച നിസ്സാരമായ ഒരു വാക്കുതർക്കം വലിയൊരു മൗനമായി വളർന്നു. കാലം പത്ത് വർഷങ്ങൾക്കിപ്പുറം എത്തിയിരിക്കുന്നു. അൻവർ ഇന്ന് വിവാഹിതനാണ്, അഞ്ചു വയസ്സുകാരനായ ഒരു മകന്റെ ഉപ്പയുമാണ്. പക്ഷേ, ആ പഴയ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ഒരു നോവായി ഉള്ളിൽ ബാക്കിയുണ്ടായിരുന്നു.

ഒരു അവധിക്കാലത്ത്, അൻവർ ആ പഴയ ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മകനെയും ഭാര്യയെയും കൂട്ടി ട്രെയിൻ കയറുമ്പോൾ അവന്റെ മനസ്സിൽ പഴയ ഓർമ്മകളുടെ പച്ചപ്പായിരുന്നു. വയലുകളും പൂന്തോട്ടങ്ങളും നിറഞ്ഞ ആ ഗ്രാമത്തിൽ മുബാറക്കിന്റെ വീട്ടിൽ രണ്ടാഴ്ചയോളം താമസിച്ചത് ഇന്നലെയെന്ന പോലെ അൻവർ ഓർക്കുന്നു.

ട്രെയിനും ബസ്സും മാറിക്കയറി, ഒടുവിൽ നെൽപാടങ്ങൾ അതിരിടുന്ന ആ ഗ്രാമത്തിന്റെ മണ്ണിൽ അവർ കാലുകുത്തി. ഇടവഴികൾ താണ്ടി അവർ ആ വീടിനു മുന്നിലെത്തി. കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് പുറത്തുവന്ന മുബാറക്കിന്റെ ഉപ്പയെയും ഉമ്മയെയും കണ്ടപ്പോൾ അൻവർ ഞെട്ടിപ്പോയി. പത്തു വർഷങ്ങൾ അവരെ വല്ലാതെ തളർത്തിയിരിക്കുന്നു. പ്രായം അവരുടെ മുഖത്ത് ആഴത്തിൽ വരകൾ വീഴ്ത്തിയിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം എത്തിയ ആ അതിഥിയെ അവർ തിരിച്ചറിഞ്ഞു. കുശലാന്വേഷണങ്ങൾക്കിടയിൽ അൻവറിന്റെ കണ്ണുകൾ തിരഞ്ഞത് മുബാറക്കിനെയായിരുന്നു. അൻവറിന്റെ മൗനം മനസ്സിലാക്കിയെന്നോണം ഉപ്പ പറഞ്ഞു: “അവൻ താമസം മാറിയിട്ട് നാലഞ്ചു വർഷമായി മോനേ… ഇങ്ങോട്ട് വരാറില്ല.”

എവിടെയാണെന്ന ചോദ്യത്തിന് മറുപടിയായി, “ഞാൻ കാണിച്ചുതരാം അവന്റെ വീട്” എന്ന് പറഞ്ഞ് ഉപ്പ അവരെയും കൂട്ടി നടന്നു. അവർ ചെന്നെത്തിയത് പണ്ട് ഒന്നിച്ചു ജുമുഅ നിസ്കരിച്ചിരുന്ന ആ പഴയ പള്ളിയുടെ പിന്നിലെ ഖബറിസ്ഥാനിലായിരുന്നു. ഒരു നിശബ്ദമായ കല്ലറയ്ക്ക് മുന്നിൽ നിന്ന് വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഉപ്പ അത് ചൂണ്ടിക്കാണിച്ചു: “ദാ… ഇതാണ് അവന്റെ പുതിയ വീട്.”

അൻവറിന്റെ ലോകം ഒരു നിമിഷം നിശ്ചലമായി. കണ്മുന്നിൽ ഒരു ഫ്ലാഷ്ബാക്ക് പോലെ മുബാറക്കിനൊപ്പമുള്ള ഓരോ നിമിഷവും കടന്നുപോയി. വിറയ്ക്കുന്ന ചുണ്ടുകളോടെ കബറിനരികിൽ ഇരുന്ന് അവൻ ദുആ ചെയ്തു. തിരികെ വീട്ടിലെത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചെങ്കിലും അൻവറിന് അതിന് കഴിഞ്ഞില്ല.

യാത്ര പറഞ്ഞ് ഇറങ്ങാൻ നേരമാണ് ആ ഉമ്മ മകന്റെ അടുത്തുചെന്ന് അവനെ ചേർത്തുപിടിച്ചത്. “എന്താ മോന്റെ പേര്?” എന്ന് അവർ ചോദിച്ചു. നിഷ്കളങ്കമായ ഒരു ചിരിയോടെ അവൻ മറുപടി നൽകി: “മുബാറക്.”

ആ പേര് കേട്ടതും ആ ഉമ്മയുടെ നിയന്ത്രണം വിട്ടു. അവർ അവനെ വാരിപ്പുണർന്ന് വിതുമ്പി. അകത്തേക്ക് ഓടിപ്പോയ അവർ തിരികെ വന്നത് മുബാറക്കിന്റെ ബാല്യകാലത്തെ ഒരു പഴയ ടീഷർട്ടുമായാണ്. അത് മകന് നൽകിക്കൊണ്ട് അവർ പറഞ്ഞു: “ഇനിയും വരണം… വരുമ്പോൾ ഈ ടീഷർട്ട് ഇട്ട് വരണം കേട്ടോ.” അവന്റെ നെറ്റിയിൽ ഒരുമ്മ നൽകി അവർ യാത്രയാക്കി.

തിരികെ നടക്കുമ്പോൾ, തന്റെ മകന് ആ പേര് നൽകുന്നതിനെച്ചൊല്ലി അന്ന് തർക്കിച്ച അൻവറിന്റെ ഭാര്യയുടെ കണ്ണുകളും നിറഞ്ഞിരുന്നു. ആ ഗ്രാമത്തിന്റെ ഇടവഴിയിൽ ഒരു വലിയ നഷ്ടബോധത്തിന്റെ ഭാരവുമായി അൻവർ തന്റെ മകന്റെ കൈപിടിച്ച് നടന്നു.